ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി വിധിയിലൂടെ നരേന്ദ്ര മോഡിയുടെ അഴിമതി തെളിയിക്കപ്പെട്ടു. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബിജെപി ഇലക്ടറല്‍ ബോണ്ടുകളെ മാറ്റി. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയായ എക്‌സില്‍ കുറിച്ചു.
ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട് അസാധുവാക്കി സുപ്രീം കോടതിയുടെ വിധി. ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സിപിഎം നിലപാട് കോടതി അംഗീകരിച്ചുവെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടി നല്‍കുന്ന സുപ്രീം കോടതി വിധി ഇരു കൈകളും നീട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നത്. ഇലക്ടറല്‍ ബോണ്ട് വിധിയെ സ്വാഗതം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 90 ശതമാനം പണവും പോയത് ബിജെപിയിലേക്കാണെന്ന് ആരോപിച്ചു.