ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്.
കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമായി 210 കോടി രൂപ തിരിച്ചു പിടിക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യമെന്നും അദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാര്‍ട്ടിക്ക് നേരെയുണ്ടായ പ്രതികാര നടപടിയാണിത്. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും അജയ് മാക്കന്‍ പറഞ്ഞു.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടായി. 210 കോടി രൂപയാണ് കോണ്‍ഗ്രസിനോട് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച പരാതി ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന് മുന്നിലാണ്.
അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. രാജ്യത്ത് ജനാധിപത്യം നിലവിലില്ലെന്നും ഏക പാര്‍ട്ടി ഭരണമാണുള്ളതെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു നേര്‍ക്കുണ്ടായ നടപടി തെളിയിക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി.
ഒറ്റ പാന്‍ നമ്പറിലുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ബില്ലുകളും ചെക്കുകളും മാറാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അജയ് മാക്കന്‍ പറഞ്ഞു.
ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിക്കുന്ന തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇതാദ്യമായിട്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.