ബംഗളൂരു: കർണാടകയിലെ ശിവമോഗക്ക് സമീപം സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് മരണം. ബിഹാറിൽ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഇന്നലെ രാത്രി പത്തരയോടെയാണ് വൻ സ്ഫോടനമുണ്ടായത്. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
സ്ഫോടനത്തിൽ വാഹനം നാമാവശേഷമാകുകയും മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമാകുകയും ചെയ്തു. ശിവമോഗക്ക് സമീപ ജില്ലയായ ചിക്കമംഗളൂരു ഉൾപ്പെടെ വൻ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. റോഡുകള്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ വിണ്ടുകീറി. 15 കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.