മാന്തവാടി: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഇന്ന് വൈകിട്ട് വാരണാസിയില്‍ നിന്നും കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തിലേക്ക് വിഷയം ഉയര്‍ന്നതോടെ സ്ഥലം എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും വയനാടന്‍ ജനതക്കൊപ്പമെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പറന്നെത്തുക.
ഇന്നലെ അദേഹം കളക്ടറുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഡല്‍ഹിയില്‍ വിവിധ കേന്ദ്രവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ അദ്ദേദഹം നടത്തുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് തന്റെ ചുമതല. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണം. വയനാട്ടില്‍ തന്റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുല്‍ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം വാരണാസിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്‌റാം രമേശ് പറഞ്ഞത്.
നാളെ ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നിന് പ്രയാഗ്രാജിലേക്ക് രാഹുല്‍ തിരിച്ചെത്തും.