കര്‍ഷക സമരം: കേന്ദ്രവുമായുള്ള ചര്‍ച്ച ഇന്ന്; ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

കര്‍ഷക സമരം: കേന്ദ്രവുമായുള്ള ചര്‍ച്ച ഇന്ന്; ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം  നീട്ടി

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഇന്ന്. വൈകുന്നേരം ആറിന് ചണ്ഡീഗഡിലാണ് ചര്‍ച്ച.

കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്ന് ചര്‍ച്ചകളും പരാജയമായിരുന്നു.

അതിനിടെ ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഫെബ്രുവരി 19 വരെ നീട്ടി. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ചൊവ്വാഴ്ച ആരംഭിച്ചതാണെങ്കിലും സുരക്ഷാ സേന തടഞ്ഞതിനാല്‍ പഞ്ചാബിന്റെ ഹരിയാന അതിര്‍ത്തിയിലുള്ള ശംഭു, ഖനൗരി പോയിന്റുകളിലാണ് കര്‍ഷകര്‍ ഇപ്പോഴുള്ളത്.

മാര്‍ച്ചില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ക്കുമേല്‍ കനത്ത സമ്മര്‍ദ്ദം തുടരുകയാണ്.എന്നാല്‍ ഏത് പ്രതിസന്ധിയും അവഗണിച്ച് മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കര്‍ഷക നീക്കം. 2020-21 ലെ കര്‍ഷക പ്രതിഷേധത്തിന്റെ അതേ ചൂടിലേയ്ക്കാണ് ഇപ്പോഴത്തെ പ്രതിഷേധവും എത്തുന്നത്.

വിളകള്‍ക്ക് എംഎസ്പി നിയമവും വായ്പ എഴുതിത്തള്ളലും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. അതേസമയം പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലേക്കു കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.