ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകര്‍ സമരം ശക്തമായി തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച തുടരണമെങ്കിൽ കർഷക സംഘടനകൾ തീയതി അറിയിക്കണമെന്നും സർക്കാർ വ്യക്തമാക്കി. ഡല്‍ഹി വിജ്ഞാൻ ഭവനില്‍ ഉച്ചയ്‌ക്ക് 12നായിരുന്നു ചർച്ച.
അതേസമയം, വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.