ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ നാലാംവട്ട ചര്‍ച്ചയും പരാജയം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍ ഇന്ന് വ്യക്തമാക്കി.
ഇതോടെ നാളെ രാവിലെ 11 മുതല്‍ വീണ്ടും സമരം ചെയ്യാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.
സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് തള്ളിയ കര്‍ഷകര്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ പ്രതികരിച്ചു. ഇനിയൊരു യോഗത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദേഹം വ്യക്തമാക്കി.
യോഗത്തിലെ കേന്ദ്ര നിര്‍ദേശത്തെ കുറിച്ച് തങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തെന്നും ഇത് കര്‍ഷകര്‍ക്ക് അനുകൂലമല്ലെന്ന് വിലയിരുത്തകയായിരുന്നെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ (സിദുപുര്‍) നേതാവ് ജഗ്ജിദ് സിങ് ദല്ലേവാള്‍ പറഞ്ഞു. 23 ധാന്യവിളകളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന ആവശ്യങ്ങളില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായത്തില്‍ പരിപ്പ് വര്‍ഗങ്ങളുടെ എംഎസ്പിക്ക് മാത്രം 1.5 ലക്ഷം കോടി രൂപ സര്‍ക്കാരിന് ആവശ്യമാണ്. എന്നാല്‍ 23 വിളകളുടെയും എംഎസ്പിക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും 1.75 ലക്ഷം കോടി രൂപയാണ് ചെലവ് വരികയെന്ന് വിദഗ്ദരെ ഉദ്ധരിച്ച് ദല്ലേവാള്‍ പറഞ്ഞു.
യോഗത്തിനിടയില്‍ പിയൂഷ് ഗോയലാണ് കേന്ദ്ര നിര്‍ദേശം അവതരിപ്പിച്ചത്. എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി തുടങ്ങിയ സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ മൂന്ന് പരിപ്പ് വര്‍ഗങ്ങളും ചോളവും സംഭരിക്കുമെന്നും കോട്ടന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കോട്ടണ്‍ സംഭരിക്കുമെന്നുമാണ് നിര്‍ദേശം. കര്‍ഷകരും ഏജന്‍സികളും തമ്മില്‍ അഞ്ച് വര്‍ഷത്തേക്ക് നിയമപരമായ കരാര്‍ നിലനില്‍ക്കുമെന്നും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.
ജല സ്രോതസുകള്‍ വറ്റി വരണ്ടതിനാല്‍ പഞ്ചാബില്‍ മരുഭൂവല്‍ക്കരണം വര്‍ധിക്കുന്നതായി കര്‍ഷക നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബിലെ ജലം സംരക്ഷിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തെന്ന് പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.