ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുക കെട്ടി വെക്കണം. ആള്‍ ജാമ്യവും ഹാജരാക്കണം.
ബിജെപി പ്രാദേശിക നേതാവായ വിജയ് മിശ്രയാണ് കേസിലെ പരാതിക്കാരന്‍. 2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പത്രസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്.
കൊലപാതകിയെന്ന പരാമര്‍ശത്തിലൂടെ അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വിജയ് മിശ്ര ആരോപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജനുവരി 18 ന് ഹാജരാവാന്‍ രാഹുല്‍ ഗാന്ധിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഹാജരായിരുന്നില്ല. ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി വെച്ചാണ് രാഹുല്‍ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായത്.