ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനേസറില്‍വച്ചാണ് കര്‍ഷകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കര്‍ഷകര്‍ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനം പൊലീസ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
പഞ്ചാബ് അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് പുനരാരംഭിക്കും. രാവിലെ 11 ന് ഹരിയാനയിലേക്ക് സമാധാനപരമായി പ്രവേശിക്കും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കര്‍ഷകരെ തടയാന്‍ ഹരിയാന പൊലീസും കേന്ദ്ര സേനയും സ്ഥലത്ത് നിറയുറപ്പിച്ചിരിക്കുകയാണ്.
നാലാംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാട് അറിയിച്ചത്. പയര്‍ വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ തള്ളിയ സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും തീരുമാനം മോഡി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് വ്യക്തമാക്കി.
അതേസമയം കര്‍ഷക സമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അമരീന്ദര്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീര്‍ക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കര്‍ഷകര്‍ ചില കാര്യങ്ങളില്‍ ദേശീയ താല്‍പര്യം കൂടി പരിഗണിക്കണം എന്നാണ് അമരീന്ദര്‍ സിങ് പറയുന്നത്. അതേ സമയം സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.