ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: ഗുരുതര ആരോപണവുമായി എക്‌സ്

 ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: ഗുരുതര ആരോപണവുമായി എക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവന്ന ആരോപണമാണ് എക്‌സ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും എക്‌സ് അവകാശപ്പെടുന്നു. അതേസമയം കമ്പനിയുടെ ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സില്‍ എഴുതിയ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പാലിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോസ്റ്റുകള്‍ തടഞ്ഞുവയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി നീക്കത്തോട് വിയോജിക്കുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയമായി നിര്‍ദിഷ്ട അക്കൗണ്ടുകളിലും പോസ്റ്റുകളിലും എക്‌സ് ഇടപെടണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഉത്തരവുകള്‍ക്ക് അനുസൃതമായി ഇന്ത്യയില്‍ മാത്രം തങ്ങള്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവയ്ക്കുമെന്നും എക്‌സ് വ്യക്തമാക്കി. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ വിയോജിക്കുകയാണെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഈ അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും ബാധകമാണെന്ന് തങ്ങള്‍ വിശവസിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്ന് എക്സ് പറഞ്ഞു. തങ്ങളുടെ നിലപാടിന് അനുസൃതമായി ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തടയല്‍ ഉത്തരവുകള്‍ക്ക് എതിരെയുള്ള ഒരു റിട്ട് അപ്പീല്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നുണ്ട്. തങ്ങളുടെ നയങ്ങള്‍ക്കനുസൃതമായി ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എക്‌സ് പറയുന്നു.

നിയമപരമായ നിയന്ത്രണങ്ങള്‍ കാരണം തങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. പക്ഷേ അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എക്‌സ് പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.