ന്യൂഡല്‍ഹി: എജ്യുടെക് സ്ഥാപനമായ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിക്ഷേപകര്‍. ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലാണ് നിക്ഷേപകര്‍ കമ്പനിയെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നത് ചര്‍ച്ച ചെയ്യാന്‍ ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം ഡല്‍ഹിയില്‍ തുടങ്ങി.
പൊതുയോഗത്തിന് മുന്നോടിയായാണ് ഏതാനും നിക്ഷേപകര്‍ ഹര്‍ജിയുമായി ട്രൈബ്യൂണല്‍ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ബൈജു രവീന്ദ്രനെ നീക്കം ചെയ്ത് കമ്പനിക്ക് പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അടുത്തിടെ കമ്പനി നടത്തിയ റൈറ്റ്‌സ് ഇഷ്യു റദ്ദാക്കണമെന്നും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അസാധാരണ പൊതുയോഗത്തില്‍ ബൈജൂസ് ജീവനക്കാര്‍ അടക്കം ഇരുന്നൂറോളം പേര്‍ യോഗത്തിനെത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ബൈജു രവീന്ദ്രനെ നീക്കം ചെയ്തുകൊണ്ട് യോഗം പ്രമേയം പാസാക്കിയാലും മാര്‍ച്ച് 13 വരെ അത് പ്രാബല്യത്തില്‍ വരില്ല. കാരണം അന്നുവരെ നടപടി പാടില്ലെന്ന് ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.