അമിത് ഷായ്ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

അമിത് ഷായ്ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തിലെ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി.

2018 ല്‍ അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരേ നടത്തിയ പരാമര്‍ത്തിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബിജെപി നേതാവ് നവീന്‍ ഝാ നല്‍കിയ പരാതി പ്രകാരം വിചാരണക്കോടതിയിലെ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

2018 ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു കേസ്. ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധിയുടെ ഭാഗം കേട്ട കോടതി കേസ് മാറ്റി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതി കഴിഞ്ഞ ദിവസം രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.