മലങ്കര കത്തോലിക്കാ സുന്നഹദോസ് സമാപിച്ചു; പുനരൈക്യ ശതാബ്ദി ഒരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും

മലങ്കര കത്തോലിക്കാ സുന്നഹദോസ് സമാപിച്ചു; പുനരൈക്യ ശതാബ്ദി ഒരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 28ാമത് സാധാരണ പരിശുദ്ധ സുന്നഹദോസ് ഈ മാസം 19 മുതല്‍ 22 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററില്‍ നടത്തപ്പെട്ടു. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷം 2030 ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുവാന്‍ സുന്നഹദോസ് തീരുമാനിച്ചു. ആറ് വര്‍ഷത്തെ ഒരുക്കങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 20 ന് പാറശാല രൂപതയില്‍ ആരംഭിക്കും.

വചനവര്‍ഷം, വിശ്വാസ വളര്‍ച്ച, കൂദാശാ ജീവിതം, ഉപവി പ്രവൃത്തികള്‍, കുടുംബ നവീകരണം, പൗരോഹിത്യ സമര്‍പ്പിത വിളികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വര്‍ഷാചരണം സഭയില്‍ ആകമാനം ആചരിക്കുന്നതാണ്. ശതാബ്ദി വര്‍ഷം 2029 സെപ്തംബര്‍ 20 ന് ആരംഭിച്ച് 2030 സെപ്തംബര്‍ 20 ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ വര്‍ഷമായി ആചരിക്കുന്നതാണ്.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെക്കുറിച്ചും സഭൈക്യ വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ശതാബ്ദി വര്‍ഷാചരണത്തോട് അനുബന്ധിച്ച് നടക്കുന്നതാണ്.

ഭാരതത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നേരിടുന്ന പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് സുന്നഹദോസ് ഉത്കണ്ഠ രേഖപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയും സംഘര്‍ഷങ്ങളും ഒഴിവാക്കുവാന്‍ ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു.

ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജീവിത മൂല്യങ്ങളും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികള്‍ പൊതുതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു. മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ഭീഷണി അടിയന്തിരമായി പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്ന് സുന്നഹദോസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മലങ്കര സുറിയാനി കത്തോലിക്കാ സഭക്കുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ആക്രമങ്ങള്‍ക്ക് ഇരയായ കുടുംബാഗങ്ങള്‍ക്ക് നഷ്ടപരിഹാരവും സംരക്ഷണവും നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വരമായി ശ്രദ്ധിക്കേണ്ടതാണെന്നും സുന്നഹദോസില്‍ വിലയിരുത്തി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ ഇദംപ്രഥമമായി മെത്രാന്‍മാരും വൈദികരും സന്യസ്ഥരും അല്‍മായരും ഉള്‍പ്പെടുന്ന പ്രാധിനിത്യ സ്വഭാവത്തില്‍ മലങ്കര കാത്തലിക് കൗണ്‍സില്‍ രൂപീകരിക്കാന്‍ സുന്നഹദോസ് തീരുമാനിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.