ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ ആസൂത്രകന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവാണെന്ന് അന്വേഷണ സംഘം. എന്‍സിബിയും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയന്‍ കസ്റ്റംസുമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.
അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായി ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇവര്‍ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. മുഖ്യ ആസൂത്രകനായ നിര്‍മ്മാതാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സ്യൂഡോഫെഡ്രിന്‍ എന്ന രാസവസ്തു അപകടകരവും ഉയര്‍ന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്. ഇവയ്ക്ക് ഇന്ത്യയില്‍ നിയന്ത്രണമുണ്ട്. അതേസമയം അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
രാസവസ്തുവിന്റെ ഉല്‍പാദനം, കൈവശം വയ്ക്കല്‍, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹെല്‍ത്ത് മിക്സ് പൗഡര്‍, കോക്കനട്ട് പൗഡര്‍ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിന്‍ വില്‍ക്കുന്നത്. യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) നല്‍കുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡല്‍ഹിയെന്നാണ് സൂചന.
ഫെബ്രുവരി 15 ന്, മള്‍ട്ടിഗ്രെയിന്‍ ഫുഡ് മിക്സ്മെന്റില്‍ സ്യൂഡോഫെഡ്രിന്‍ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ എന്‍സിബിയുടെ സ്പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിനാണ് കണ്ടെടുത്തത്.
അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3500 കിലോ സ്യൂഡോഫെഡ്രിന്‍ അടങ്ങിയ 45 ചരക്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടത്തിയെന്ന് ഇവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.