പൂഞ്ഞാർ: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ പള്ളിയങ്കണത്തിൽ കയറി വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിവിധ രൂപതകൾ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായി വിശ്വാസികൾ റോഡിലിറങ്ങി പ്രതിഷേധം നടത്തി.
അതേ സമയം വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 28 പേർ അറസ്റ്റിൽ. വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അക്രമി സംഘത്തിൽ 47 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പലരും പ്രായപൂർത്തിയായവർ അല്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ സ്‌കൂൾ വിദ്യാർഥികളടക്കം പ്രായപൂർത്തിയാകാത്ത പത്ത് പേരെ ഏറ്റുമാനൂർ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി. മറ്റുള്ളവരെ ചങ്ങനാശേരി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന അഞ്ച് കാറുകളും ഏതാനും ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് നിയമ തടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയാറാകാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.