തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവനന്തപുരം വിഎസ്എസിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
വ്യോമ സേനയിലെ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, മറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍. പ്രശാന്ത് നായരാണ് സംഘത്തെ നയിക്കുന്നത്.
ഇവര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്ക് കീഴിലെ ഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം നടത്തി. യാത്രികരുടെ കുടുംബവും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ഇവരെ അവതരിപ്പിച്ചത്.
രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിഎസ്എസ്സിയിലെ ചടങ്ങുകള്‍ക്ക് ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ഉച്ചയ്ക്ക് 1.20 ന് തിരുവനന്തപുരത്തു നിന്ന് തമിഴ്‌നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10 ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15 ന് മഹാരാഷ്ട്രയിലേക്കു പോകും.