റാഞ്ചി: ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാത്രിയോടെ ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിൽ അപകടമുണ്ടായതായാണ് റിപ്പോർട്ട്. യാത്രക്കാര്‍ സഞ്ചരിച്ച ആഗ്ന എക്സ്പ്രസിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്.
ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ എതിർ ട്രാക്കിലൂടെ വരുകയായിരുന്ന മറ്റൊരു ട്രെയിന്‍ തട്ടിയാണ് അപകടം നടന്നതെന്നാണ് സൂചന. ഇവരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
വിഷയത്തിൽ റെയില്‍വെ അന്വേഷണം ആരംഭിച്ചതായും, അതേസമയം, റെയില്‍വെ ട്രാക്കിലൂടെ നടന്നുപോയവരെയാണ് ട്രെയിന്‍ തട്ടിയതെന്നുമാണ് റെയില്‍വെ പറയുന്നതെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സംഭവിച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.