ബംഗളൂരു സ്‌ഫോടനം: സ്‌ഫോടക വസ്തു ടിഫിന്‍ കാരിയറില്‍; ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചതായി സംശയം

 ബംഗളൂരു സ്‌ഫോടനം: സ്‌ഫോടക വസ്തു ടിഫിന്‍ കാരിയറില്‍; ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചതായി സംശയം

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ചു നിയന്ത്രിച്ചതായി സംശയം. ടൈമറിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി. ടിഫിന്‍ കരിയറിലാണ് സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചതായും സൂചനകളുണ്ട്.

അതേസമയം സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സ്‌ഫോടനത്തെ കുറിച്ച് എന്‍ഐഎ, ഐബി സംഘങ്ങള്‍ അന്വേഷിക്കും. ഉച്ചയ്ക്ക് ശേഷം സംഘം പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 46കാരിയുടെ ചെവിക്കു ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവിച്ചത് തീവ്രവാദ ആക്രമണമാണെന്നു ബിജെപി ആരോപിച്ചു. സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യം ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നിഷേധിച്ചു. കേവലം രാഷ്ട്രീയ ആരോപണം മാത്രമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

അതിനിടെ സ്ഫോടനം നടന്ന രാമേശ്വരം കഫേയില്‍ ബാഗ് കൊണ്ടുവെച്ചത് ഏകദേശം 28-30 വയസ് പ്രായമുള്ള ആളെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ കഴിക്കാനായി റവ ഇഡലി ഓര്‍ഡര്‍ ചെയ്തു. കൂപ്പണ്‍ എടുത്ത് ഇഡലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ടുവെച്ചിടത്തു നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. സ്ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു.

സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ ബാഗ് കൊണ്ട് വെച്ചയാളുടെ മുഖം വ്യക്തമാണ്. എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തില്‍ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഐടിപിഎല്‍ റോഡിലെ മറ്റ് കടകളില്‍ നിന്നുള്ള ദൃശ്യവും പൊലീസ് ശേഖരിച്ച് വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.