ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഏകദേശം 30 വയസ് തോന്നിക്കുന്ന പ്രതി ചാര നിറത്തിലുള്ള ഷര്‍ട്ടും വെള്ള തൊപ്പിയും മാസ്‌കും ധരിച്ചാണ് കഫേയിലെത്തിയത്. സ്ഫോടക വസ്തു കരുതിയ ബാഗും ഇയാള്‍ ധരിച്ചിട്ടുണ്ട്. 11.38 ഓടെ ഇയാള്‍ റവ ഇഡലി ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ഒരു പ്ലേറ്റ് ഇഡലിയുമായി നടക്കുന്നത് കഫേയിലെ കൗണ്ടറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാള്‍ 11.44 ഓടെ വാഷ് ബേസിന് അടുത്ത് നില്‍ക്കുന്നതായി കാണാം. ഒരു മിനിറ്റിന് ശേഷം പ്രതി കഫേയില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് 12.56 ഓടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരു സിസിടിവി ദൃശ്യത്തില്‍ പ്രതി ബാഗുമായി റസ്റ്റോറന്റിലേക്ക് നടന്നുപോകുന്നതും വ്യക്തമാണ്. സ്ഫോടനത്തില്‍ ജീവനക്കാരും ഉപഭോക്താക്കളുമടക്കം 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബാഗിനുള്ളില്‍ ടൈമര്‍ ഘടിപ്പിച്ചിരുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണമാണ് തീവ്രത കുറഞ്ഞ സ്ഫോടനത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), സ്ഫോടക വസ്തു നിയമം എന്നിവ പ്രകാരമുള്ള കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. ബംഗളൂരു പൊലീസിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) സംഭവം അന്വേഷിക്കുന്നുണ്ട്. ഏഴ് മുതല്‍ എട്ട് വരെ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പ്രധാന മുന്‍ഗണനയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സ്ഫോടനം ഉണ്ടായതോടെ പുകയ്ക്കിടെ പരിഭ്രാന്തരായ ഉപഭോക്താക്കളും ജീവനക്കാരും രക്ഷപ്പെടുന്നത് കാണാം. ഗ്യാസ് ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും പിന്നീട് അഗ്‌നിശമന സേന സാധ്യത തള്ളുകയും സ്ഥലത്ത് നിന്ന് ഒരു ബാഗ് കണ്ടെത്തുകയുമായിരുന്നു.
അന്വേഷണത്തില്‍ അധികാരികളുമായി സഹകരിക്കുന്നതായും തങ്ങളുടെ ബ്രൂക്ക്ഫീല്‍ഡ് ബ്രാഞ്ചില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്നും രാമേശ്വരം കഫേയുടെ ഉടമകള്‍ പറഞ്ഞു.ഡി.കെ ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.