മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ സീനിയര്‍ കമാന്‍ഡറും 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍വച്ച് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
2006 ല്‍ മുംബൈയില്‍ 188 പേര്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ചീമയായിരുന്നു. ഇയാളുടെ സംസ്‌കാരം ഫൈസലാബാദിലെ മല്‍ഖന്‍വാലയില്‍ നടന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

2008 നവംബര്‍ 26 ന് 10 പാകിസ്ഥാന്‍ ഭീകരര്‍ കടല്‍മാര്‍ഗം ദക്ഷിണ മുംബൈ പ്രദേശങ്ങളില്‍ പ്രവേശിച്ച് താജ്മഹല്‍ പാലസ് ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008 ലെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പരിശീലനം നല്‍കിയെന്നാരോപിച്ച് യു.എസ് സര്‍ക്കാര്‍ ഇയാളെ തിരയുകയായിരുന്നു. അന്ന് 18 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

പ്രതികളില്‍ ഒരാളായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും പിന്നീട് വിചാരണ ചെയ്യുകയും പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി രണ്ട് വര്‍ഷത്തിന് ശേഷം 2012 നവംബറില്‍ പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്. പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരനും എല്‍ഇടി പ്രവര്‍ത്തകനുമായ ഹെഡ്ലി 26/11 ഭീകരാക്രമണത്തിലെ പങ്കിന് യു.എസ് ജയിലില്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

അടുത്തിടെ കേസിലെ പ്രതിയായ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ ഒരു ഹോട്ടലില്‍ ഇയാള്‍ രണ്ട് ദിവസം താമസിച്ചുവെന്ന് സിറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 400 ലധികം പേജുള്ള കുറ്റപത്രം യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെയാണ് സമര്‍പ്പിച്ചത്. കേസിലെ നാലാമത്തെ കുറ്റപത്രമാണിത്.

നിലവില്‍ അമേരിക്കയില്‍ തടങ്കലില്‍ കഴിയുന്ന റാണ, മുംബൈ ഭീകരാക്രമണത്തിലെ പങ്കുമായി ബന്ധപ്പെട്ട് ഒന്നിലധികം ആരോപണങ്ങള്‍ നേരിടുന്നു. കൂടാതെ 26/11 ആക്രമണങ്ങളുടെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. തഹാവുര്‍ ഹുസൈന്‍ റാണ 2008 നവംബര്‍ 11 ന് ഇന്ത്യയിലെത്തി നവംബര്‍ 21 വരെ രാജ്യത്ത് തങ്ങിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.