ബന്ദിപ്പൂര്‍: വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. ബന്ദിപ്പൂരില്‍ ചേര്‍ന്ന വനം മന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറില്‍ എത്തിച്ചേര്‍ന്നത്.
നാല് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്. മനുഷ്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമ ഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്‍കി. വംശ വര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.
അതേസമയം റെയില്‍ ഫെന്‍സിങിന് കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി. ഹണ്ടാരെ കുറ്റപ്പെടുത്തി. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.