ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഒഴിവായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ തയാറെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ അമേരിക്ക ആശങ്കയില്‍ ആയിരുന്നെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്‌നില്‍ റഷ്യ ആണവായുധം പ്രയോഗിച്ചിരുന്നെങ്കില്‍ 1945 ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന് ശേഷമുള്ള ആദ്യത്തെ ആണവായുധ ആക്രമണമായിരുന്നേനെ. അമേരിക്കയും ഇക്കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു.
എന്നാല്‍ ഇത്തരമൊരു ആക്രമണമുണ്ടായാല്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ അമേരിക്ക തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. അമേരിക്ക ആവശ്യപ്പെട്ട പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
സമാധാനപരമായ ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ കാര്യമായ ഇടപെടല്‍ നടത്തി. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോഡിയുടെ പ്രസ്താവന ജി 20 ഉച്ചകോടിക്ക് ശേഷം ബാലിയിലെ നേതാക്കള്‍ ഏറ്റ് പറയുന്ന സാഹചര്യവും ഉണ്ടായി.
വിവിധ അന്താരാഷ്ട്ര വേദികളില്‍ സമാധാനം ഉയര്‍ത്തിക്കാട്ടിയ മോഡി സാധാരണക്കാരുടെ മരണത്തെ അപലപിക്കുകയും ചെയ്തു. ഇക്കാരണങ്ങളെല്ലാം റഷ്യയെ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.