ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ബിജെപിയുടെ 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സിഎഎ.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാണ്. അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചു തുടങ്ങും.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് നിയമം. 2019 ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതി അംഗീകാരം നല്‍കി.
2020 ജനുവരി 10 ന് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവല്‍കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധിയില്‍ നിരവധി തവണ ആഭ്യന്തര മന്ത്രാലയം സാവകാശം തേടിയിരുന്നു.
സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.