ബംഗളൂരു: തമിഴ്നാടിന് ഒരു തുള്ളി വെള്ളം പോലും നല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്‍കുന്നുവെന്ന ബിജെപിയുടെ ആരോപണം അദേഹം പൂര്‍ണമായും നിഷേധിച്ചു. സംസ്ഥാനത്തെ ജലക്ഷാമത്തില്‍ ബംഗളൂരുവിലെ സ്വാതന്ത്ര്യ പാര്‍ക്കില്‍ ബിജെപിയുടെ പ്രതിഷേധം നടന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബിജെപി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. വെള്ളം ഉണ്ടെങ്കിലല്ലേ വിട്ടുനല്‍കൂ. തമിഴ്നാട് വെള്ളം ചോദിച്ചിട്ടു പോലുമില്ല. ഇനിയിപ്പോ തമിഴ്നാടോ, കേന്ദ്രമോ ആവശ്യപ്പെട്ടാലും വെള്ളം വിട്ടുനല്‍കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉടനീളമുള്ള പല ഗ്രാമങ്ങളിലെയും ജലസ്രോതസുകള്‍ വറ്റിവരണ്ടു. കഴിഞ്ഞ വര്‍ഷത്തേക്കാളും കടുത്ത വേനലും ജലക്ഷാമവുമാണ് ഇത്തവണ കര്‍ണാടക നേരിടുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതെന്നും അദേദ്ദഹം ഇതിനിടയി്ല്‍ പ്രതികരിച്ചു.
കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരമൊരു ജലപ്രതിസന്ധി ബംഗളൂരു അഭിമുഖീകരിക്കുന്നതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി ക ശിവകുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം താലൂക്കുകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.