കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം: ഡല്‍ഹി രാംലീല മൈതാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്

 കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം: ഡല്‍ഹി രാംലീല മൈതാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്. പതിനായിരത്തിലധികം കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

വിവിധ കര്‍ഷക-തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മിനിമം താങ്ങുവില ഉള്‍പ്പെടെ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ മഹാപഞ്ചായത്ത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാധാനപരമായുള്ള സമ്മേളനത്തിന് ശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

മഹാപഞ്ചായത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നു. അതിനാല്‍ കര്‍ഷകരെ തടയാനുള്ള ശ്രമമുണ്ടായില്ല. മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 5000ല്‍ കൂടരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തിനെത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.