ഇഡിക്ക് തിരിച്ചടി, എഎപിക്ക് ആശ്വാസം; ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

 ഇഡിക്ക് തിരിച്ചടി, എഎപിക്ക് ആശ്വാസം; ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഇഡിയുടെ അപേക്ഷയില്‍ കോടതി വാദം തുടരും. ഏപ്രില്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ അഞ്ച് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായിരുന്നത്. ഇന്ന് കെജ്രിവാള്‍ ഹാജരായാല്‍ അറസ്റ്റ് ഉണ്ടായേക്കും എന്ന സൂചനകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദേഹത്തിന് ആശ്വാസമായി ജാമ്യം ലഭിച്ചത്.

ഇഡിക്ക് ഉണ്ടായത് വലിയ തിരിച്ചടിയെന്ന് എഎപി വക്താവും അഭിഭാഷകയുമായ റീനാ ഗുപ്ത പറഞ്ഞു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു. ഇഡി രാഷ്ടീയമായ നടപടികളാണ് സ്വീകരിക്കുന്നത്. അതിനാല്‍ അടുത്ത നടപടി എന്താണെന്ന് പറയാന്‍ കഴിയില്ല. ഇന്‍ഡ്യ സഖ്യം കെജ്‌രിവാളിനൊപ്പമാണെന്നും റീനാ ഗുപ്ത പറഞ്ഞു.

ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാള്‍ വീഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.