മുംബൈ: 'രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും അന്വേഷണ ഏജന്‍സികളിലും'ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാറ്റിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
' ഇവിടെ രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് (ഇവിഎം). ഇവിഎമ്മിലും രാജ്യത്തെ അന്വേഷണ ഏജന്‍സികളായ ഇ.ഡിയിലും ആദായ നികുതി വകുപ്പിലും സിബിഐയിലുമാണ് രാജാവിന്റെ ആത്മാവിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് പോയതിന് പിന്നാലെ തന്റെ അമ്മ സോണിയ ഗാന്ധിയുടെ അടുക്കല്‍ വന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു, 'സോണിയാ ജീ എനിക്ക് ഈ ശക്തിക്കെതിരെ പോരാടാനുള്ള കരുത്തില്ല. എനിക്ക് ജയിലില്‍ പോകാന്‍ കഴിയില്ല.'
ഇത്തരത്തില്‍ നിരവധി പേരെ ഇ.ഡി, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ വച്ച് ഭയപ്പെടുത്തുകയാണ്. കൂടാതെ ബോളിവുഡ് അഭിനേതാക്കളെ വെല്ലുന്ന നടനാണ് നരേന്ദ്ര മോഡിയെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ ജനകീയമായ പല വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് മോഡി ചെയ്യുന്നത്. 56 ഇഞ്ച് നെഞ്ചളവല്ല, പൊള്ളയായ ഹൃദയമാണ് അദേഹത്തിനുള്ളതെന്നും രാഹുല്‍ വിമര്‍ശിച്ചു.