ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.
ആകെ 236 ഹര്‍ജികളാണ് പരമോന്നത കോടതി പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.
ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമം. നിയമം മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ഹര്‍ജിക്കാരുടെ വാദം.