ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ബാബ രാംദേവിന് സുപ്രീം കോടതി നിര്‍ദേശം. പതഞ്ജലി ആയുര്‍വേദയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാജരാകണം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലിക്കെതിരെ സുപ്രീം കോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
ഈ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോടതിയുടെ നോട്ടീസിനെ കുറിച്ച് ബാബ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് കേസില്‍ മൂന്നാമതൊരു മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് പതഞ്ജലി ആയുര്‍വേദയ്ക്ക് വേണ്ടി ഹാജരായത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.