മോഡിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികള്‍; ഹെഡ് മാസ്റ്റര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയുണ്ടാകും

മോഡിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികള്‍; ഹെഡ് മാസ്റ്റര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയുണ്ടാകും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഹെഡ് മാസ്റ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടാകും. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിഇഒയുടെ നിര്‍ദേശം.

നരേന്ദ്ര മോഡിയുടെ റോഡ് ഷോ തുടങ്ങിയ സായി ബാബ കോളനി ജങ്ഷനില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും  അന്‍പതോളം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായി ബാബ വിദ്യാലയ അധികൃതര്‍ ആവശ്യപ്പെട്ടതിനാലാണ് റോഡ് ഷോയില്‍ പങ്കെടുത്തതെന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ, കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കി. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരസന്‍ പറഞ്ഞു.

അതേസമയം റോഡ് ഷോയുടെ സമാപനത്തില്‍ 1998 ലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് മോഡി ആദരമര്‍പ്പിച്ചതിനെതിരെ ഡിഎംകെ രംഗത്തെത്തി. ഗുജറാത്ത് കലാപത്തില്‍ മരിച്ചവര്‍ക്കും മോഡി ആദരം അര്‍പ്പിക്കുമോയെന്ന് പാര്‍ട്ടി വക്താവ് ശരവണന്‍ അണ്ണാദുരൈ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.