ഐ.എസ് ഇന്ത്യ തലവനും സഹായിയും അസമില്‍ പിടിയില്‍; ഇരുവരും നിരവധി കേസുകളിലെ പ്രതികള്‍

ഐ.എസ് ഇന്ത്യ തലവനും സഹായിയും അസമില്‍ പിടിയില്‍; ഇരുവരും നിരവധി കേസുകളിലെ പ്രതികള്‍

ഗുവാഹത്തി: ഇസ്ലാമിക് ഭീകര സംഘടനയായ ഐ.എസിന്റെ ഇന്ത്യ തലവനും സഹായിയും അസം പൊലീസിന്റെ പിടിയിലായി. ഇന്ത്യ തലവന്‍ ഹാരിസ് ഫാറൂഖിയെയും സഹായി റെഹാനെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്ന് ഇവര്‍ ഇന്ത്യയിലെത്തി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ബംഗ്ലാദേശില്‍ ക്യാമ്പ് ചെയ്തിരുന്ന ഐ.എസിലെ അംഗങ്ങളായ രണ്ട് ഇന്ത്യക്കാര്‍ ധുബ്രി സെക്ടറില്‍ നിന്ന് ഇന്ത്യയിലേക്ക് അതിക്രമിച്ച് കടന്ന് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഐ.എസ് തലവന്‍ ഹാരിസ് ഫാറൂഖി എന്ന ഹരീഷ് അജ്മല്‍ ഫാറൂഖിയും ഇയാളുടെ കൂട്ടാളിയായ റെഹാനും ഇന്ത്യന്‍ അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു.

ഐ.ജി പാര്‍ത്ഥ സാരഥി മഹന്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഇന്നലെ വൈകുന്നേരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയിലുടനീളമുള്ള പല സ്ഥലങ്ങളിലും റിക്രൂട്ട്മെന്റ്, തീവ്രവാദ ഫണ്ടിങ്, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താനുള്ള ഗൂഢാലോചന ഇവര്‍ നടത്തിയെന്നാണ് വിവരം.

രണ്ട് പേര്‍ക്കുമെതിരെ എന്‍ഐഎ, ഡല്‍ഹി, എടിഎസ്, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.