ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ ഇന്ത്യാ മുന്നണി. കെജരിവാളിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികളുടെ മെഗാറാലി മാര്‍ച്ച് 31 ന് ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടക്കും.
ഒരു മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെയല്ല മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിന് എതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുകയെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
'ഏകാധിപത്യ നടപടികള്‍ സ്വീകരിച്ചും രാജ്യത്തെ ജനാധിപത്യം ഇല്ലായ്മ ചെയ്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തു. ഭരണഘടനയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയിലും ഇത് വലിയ രോഷമാണുണ്ടാക്കിയത്. ഓരോ പ്രതിപക്ഷ നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്' - ഗോപാല്‍ റായ് പറഞ്ഞു.
അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് മെഴുകുതിരി മാര്‍ച്ച് നടത്താനും ബിജെപി സര്‍ക്കാരിന്റെ കോലം കത്തിക്കാനും എഎപി നേരത്തേ തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്, മധ്യ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്കും ഇഡി ഓഫീസിലേക്കും പോകുന്ന റോഡുകള്‍ അടച്ചു.
മദ്യ നയ കേസില്‍ നിര്‍ബന്ധിത നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം മാര്‍ച്ച് 21 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് റോസ് അവന്യൂ കോടതി കെജരിവാളിന്റെ ജാമ്യാപേക്ഷ തള്ളി മാര്‍ച്ച് 28 വരെ ഇ.ഡി കസ്റ്റ്ഡിയില്‍ വിടുകയായിരുന്നു.