ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ കെടുത്തിക്കൊണ്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.
ഉള്ളി കയറ്റുമതിയില്‍ ഏഷ്യയില്‍ 50 ശതമാനം വിപണി വിഹിതം ഇന്ത്യക്കാണ്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.5 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത്. പൊതുവിപണിയില്‍ ഉള്ള വില പകുതിയായി കുറഞ്ഞ സാഹചര്യത്തിലും പുതിയ വിളവെടുപ്പ് സീസണ്‍ ആയതിനാലും കയറ്റുമതി നിരോധനം എടുത്തുകളയുമെന്നാണ് കയറ്റുമതിക്കാര്‍ കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം കറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായത്.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി അനാവശ്യമെന്നാണ് കയറ്റുമതിക്കാരുടെ വിമര്‍ശനം. കയറ്റുമതി നിരോധനം വരുന്നതിന് മുന്‍പ് മഹാരാഷ്ട്രയില്‍ 100 കിലോ ഉള്ളിക്ക് 4500 രൂപയായിരുന്നു. ഇപ്പോള്‍ വില 1200 രൂപ ആയിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉല്‍പ്പാദകര്‍.
മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയതെന്നാണ് ആക്ഷേപം.