ഭക്തിസാന്ദ്രമായി വത്തിക്കാനിലെ ഓശാന തിരുക്കർമ്മങ്ങൾ; അറുപതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു; വിശുദ്ധ നാട്ടിലും ഭക്തിപൂർവമായ ഓശാന ആഘോഷം

ഭക്തിസാന്ദ്രമായി വത്തിക്കാനിലെ ഓശാന തിരുക്കർമ്മങ്ങൾ; അറുപതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു; വിശുദ്ധ നാട്ടിലും ഭക്തിപൂർവമായ ഓശാന ആഘോഷം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് എത്തിയ അറുപതിനായിരത്തിലധികം വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച മാർപാപ്പ, ശാരിരിക ബുദ്ധിമുട്ടുകളെ തുടർന്ന് വചന സന്ദേശം നൽകിയിരുന്നില്ല. പകരം പരിശുദ്ധ കുർബാനയുടെ സമാപനത്തിൽ ത്രികാലജപത്തോട് ഒപ്പമുള്ള സന്ദേശത്തിൽ റഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിലെ ഇരകൾക്ക് വേണ്ടി പ്രാർഥിക്കുകയും മോസ്‌കോയിൽ നടന്ന നികൃഷ്ടമായ ഭീകരാക്രമണത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർഥനകൾ ഉറപ്പ് നൽകുകയും ചെയ്തു.

യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രെയ്നിലെ എല്ലാവർക്കും വേണ്ടി പാപ്പ പ്രത്യേകം പ്രാർഥിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ തീവ്രമായ ആക്രമണങ്ങൾ മൂലം നിരവധി ആളുകൾ പ്രതിസന്ധിയിലാണെന്നും മരണത്തിനും ദുരിതങ്ങൾക്കും കാരണമാകുന്നുവെന്നും ഇത് വലിയ മാനുഷികദുരന്തത്തിന്റെ അപകടസാധ്യത ഉയർത്തുകയാണെന്നും പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. കലശലായ മുട്ടുവേദനയും ശ്വാസ തടസവും അനുഭവിക്കുന്ന മാർപാപ്പ പരിശുദ്ധ കുർബാനയ്ക്ക് മുമ്പ് കർദിനാൾമാർക്കൊപ്പമുള്ള ഓശാന പ്രദക്ഷിണത്തിലും പങ്കെടുത്തില്ല.

ജറുസലേമിലും ഓശാന തിരുക്കർമ്മങ്ങൾ ഭക്ത്യാധരപൂർവ്വം നടന്നു. ഒലിവ് ചില്ലകളുമായി നിരവധി വിശ്വാസികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ഒലീവ് മലയുടെ കിഴക്ക് ഭാഗത്തുള്ള ബേത്ത്ഫാഗിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. യേശു പെസഹാ ആഘോഷിക്കാൻ യെരൂശലേമിൽ പോയപ്പോൾ കഴുതയുടെ പുറകിൽ കയറിയ അതേ പാതയിലൂടെയായിരുന്നു ഘോഷയാത്ര. യുദ്ധം നടക്കുന്നതിനാൽ പതിവ് വർഷത്തേ അപേക്ഷിച്ച് തീർഥാടകർ കുറവായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.