പ്രതിഷേധം: ഡല്‍ഹിയില്‍ എഎപി നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; കെജരിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും തെരുവില്‍

പ്രതിഷേധം: ഡല്‍ഹിയില്‍ എഎപി നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; കെജരിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും തെരുവില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതി വളയാനുള്ള എഎപി പ്രവര്‍ത്തകരുടെ നീക്കം പൊലീസ് തടഞ്ഞു.

തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിയിലും തലസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എഎപി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

പഞ്ചാബ് മന്ത്രി ഹര്‍ജോത് ബെയിന്‍സ്, ചണ്ഡീഗഡ് മേയര്‍ കുല്‍ദീപ് കുമാര്‍ ടിറ്റ, പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളേയും എഎപി നിരവധി പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജയിലില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരിനെ ഭരിക്കാന്‍ കെജരിവാളിന് കഴിയില്ലെന്ന് ബിജെപി പറഞ്ഞു. അതുകൊണ്ട് അദേഹം ധാര്‍മികമായി രാജിവച്ച് തന്റെ ഉത്തരവാദിത്തം മറ്റൊരാള്‍ക്ക് നല്‍കണമെന്ന് ബിജെപി എംപി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.

അതേ സമയം ഇ.ഡി കസ്റ്റഡിയിലുള്ള കെജരിവാള്‍ ഇന്നും ഒരു സര്‍ക്കാര്‍ ഉത്തരവിറക്കി. ഡല്‍ഹിയിലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചാണ് ജയിലില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ ഫലമായി ന്യൂഡല്‍ഹിയിലെയും സെന്‍ട്രല്‍ ഡല്‍ഹിയിലെയും ചില ഭാഗങ്ങളില്‍ ഗതാഗത തടസമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് ചൊവ്വാഴ്ച യാത്രക്കാര്‍ കെമാല്‍ അത്താതുര്‍ക്ക് മാര്‍ഗ്, സഫ്ദര്‍ജങ് റോഡ്, അക്ബര്‍ റോഡ്, തീന്‍ മൂര്‍ത്തി മാര്‍ഗ് എന്നിവ ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.