കെജരിവാളിന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 കെജരിവാളിന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കെജരിവാളിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയാറായിരുന്നില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജരിവാള്‍ ജയിലില്‍ നിന്നും ഉത്തരവ് ഇറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി വന്നിട്ടുണ്ട്.

വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ സുര്‍ജിത് സിങ് യാദവ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി ലീഗല്‍ സെല്‍ ആഹ്വാനം നല്‍കിയത് അനുസരിച്ച് ഡല്‍ഹിയിലെ കോടതികളില്‍ ഇന്ന് പ്രതിഷേധം ഉണ്ടാകും.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുക. ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.