ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസില്‍ ചെന്നൈയില്‍ എന്‍ഐഎ റെയ്ഡ്. മാര്‍ച്ച് ഒന്നിന് സ്ഫോടനം നടത്തിയതായി സംശയിക്കുന്ന രണ്ട് പേര്‍ ചെന്നൈയില്‍ തങ്ങുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്.
സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് 23 ന് കര്‍ണാടകയിലെ തീര്‍ത്ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബിനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യപ്രതിയെ തിരിച്ചറിയാന്‍ 1000 സിസിടിവി ക്യാമറകളാണ് അന്വേഷണ ഏജന്‍സി വിശകലനം ചെയ്തത്.
സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ ഐഎസ് മൊഡ്യൂളാണെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഈ മൊഡ്യൂളില്‍ നിന്നുള്ള 11 പേര്‍ കര്‍ണാടകയില്‍ തങ്ങുകയാണ്. അവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദക്ഷിണേന്ത്യയില്‍ തങ്ങളുടെ ശൃംഖല വിപുലീക്കാന്‍ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്ഫോടനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രതിയുടെ സിസിടിവി ചിത്രങ്ങളും വീഡിയോകളും അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.