അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭൂപ്രദേശം; കടന്നു കയറ്റത്തിലൂടെയുള്ള അവകാശ വാദം അനുവദിക്കില്ല: ചൈനക്കെതിരെ അമേരിക്ക

 അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭൂപ്രദേശം; കടന്നു കയറ്റത്തിലൂടെയുള്ള അവകാശ വാദം അനുവദിക്കില്ല: ചൈനക്കെതിരെ അമേരിക്ക

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനായുള്ള ചൈനയുടെ അവകാശ വാദങ്ങള്‍ക്കെതിരെ അമേരിക്ക. അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭൂപ്രദേശമായാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് ഒമ്പതിന് അരുണാചല്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ചൈന അവകാശ വാദവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ തങ്ങളുടേതാണെന്നാണ് ചൈന ഉയര്‍ത്തിയ വാദം.

എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യ അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കി. ഈ നിലപാടിനെയാണ് അമേരിക്കയും ഇപ്പോള്‍ പിന്തുണച്ചിരിക്കുന്നത്.

കടന്നു കയറ്റങ്ങളിലൂടെ ചൈന നടത്തുന്ന ഏകപക്ഷീയമായ അവകാശവാദത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഈ നിലപാട് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. യു.എസ് നടപടിയെ ശക്തമായി എതിര്‍ക്കും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് ഒരു കാര്യവുമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.