ന്യൂഡല്‍ഹി: റഷ്യയുടെ ഏറ്റവും വലിയ മരുന്ന് വിതരണക്കാരായി ഇന്ത്യ. ഉക്രെയ്ന്‍ യുദ്ധത്തോടെ റഷ്യയുമായുള്ള ബിസിനസ് ബന്ധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ കുറച്ചപ്പോള്‍ റഷ്യയ്ക്കൊപ്പം ശക്തിയായി നിന്നത് ഇന്ത്യയാണ്.
ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ മരുന്ന് വിതരണത്തില്‍ നിന്ന് അടക്കം പിന്മാറിയപ്പോള്‍ ആ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി ആ നയതന്ത്രം ഏറ്റെടുത്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എന്‍സി ഫാര്‍മ സമാഹരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2023 ലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയിലെ ഈ കുതിച്ചുചാട്ടം 2021 ലും 2022 ലും റഷ്യയുടെ മുന്‍നിര മരുന്ന് വിതരണക്കാരായ ജര്‍മ്മനിയെ പിന്നിലാക്കി. കഴിഞ്ഞ വര്‍ഷം റഷ്യയിലേക്കുള്ള വിതരണത്തില്‍ ജര്‍മ്മനി ഏകദേശം 20 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. 238.7 ദശലക്ഷം പാക്കേജുകളാണ് ജര്‍മ്മനി കയറ്റി അയച്ചത്.
അതേസമയം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ കയറ്റുമതി മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഏകദേശം 294 ദശലക്ഷം പാക്കേജുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് റഷ്യയിലേക്ക് എത്തിച്ചു. ഉക്രെയ്ന്‍ സംഘര്‍ഷത്തിന് മറുപടിയായി പാശ്ചാത്യ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകള്‍ സ്വീകരിച്ച നടപടികളാണ് ഈ മാറ്റത്തിന് കാരണമായത്.
യെലി ലില്ലി, ബേയര്‍, ഫൈസര്‍, എംഎസ്ഡി, നൊവാര്‍ട്ടിസ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ റഷ്യയിലെ പുതിയ ക്ലിനിക്കല്‍ പഠനങ്ങള്‍ പോലും നിര്‍ത്തിവച്ചിരിക്കുകയാണ്. റഷ്യയിലേക്കുള്ള മരുന്നുകളുടെ വലിയ വിതരണക്കാരായിരുന്ന യു.കെ, പോളണ്ട് എന്നിവരുടെ കയറ്റുമതിയിലും ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി റഷ്യയിലേക്ക് ഡെലിവറി ആരംഭിച്ച രാജ്യങ്ങളില്‍ യുഎഇയും ഉള്‍പ്പെടുന്നു.
ആര്‍എന്‍സി ഫാര്‍മയുടെ കണക്കനുസരിച്ച് 2023 ല്‍ ഇസ്രായേലിന്റെ തേവ റഷ്യയിലേക്ക് 149.8 ദശലക്ഷം പാക്കേജുകള്‍ കയറ്റുമതി ചെയ്തു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനം കൂടുതലാണിത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ ഡോ.റെഡ്ഡീസ് ആണ്. ഇത് വിതരണം പന്ത്രണ്ട് ശതമാനം വര്‍ധിപ്പിച്ച് 110.1 ദശലക്ഷം പാക്കേജുകളാണ് അയച്ചത്. ആര്‍എന്‍സി ഫാര്‍മയുടെ ഡാറ്റ അനുസരിച്ച് മുംബൈ ആസ്ഥാനമായുള്ള ഓക്‌സ്‌ഫോര്‍ഡ് ലബോറട്ടറീസ് 2023 ല്‍ റഷ്യയിലേക്കുള്ള വിതരണം 67 ശതമാനം വര്‍ധിപ്പിച്ച് 4.8 ദശലക്ഷം പാക്കേജുകളില്‍ എത്തി.