ഇംഫാല്‍: മണിപ്പൂരില്‍ ഈസ്റ്റര്‍ പ്രവൃത്തി ദിനമാക്കി ഉത്തരവ്. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തിയതികളായ ശനിയും ഞായറും പ്രവൃത്തി ദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്കെയുടെ ഓഫീസ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം ഈസ്റ്റര്‍ പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുക്കി സംഘടനകള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ രംഗത്തു വന്നു. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. ദീപാവലി ദിനത്തില്‍ ഹിന്ദുക്കളോട് ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്ന പോലെയുള്ള ഉത്തരവെന്ന് യുസിഎഫ് കോ ഓര്‍ഡിനേറ്റര്‍ എ.സി മൈക്കിള്‍ പറഞ്ഞു.