ആം ആദ്മിയെ തകര്‍ക്കുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യം; നൂറ് കോടിയുടെ അഴിമതി നടത്തിയെങ്കില്‍ പണമെവിടെയെന്ന് കെജരിവാള്‍ കോടതിയില്‍

ആം ആദ്മിയെ തകര്‍ക്കുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യം; നൂറ് കോടിയുടെ അഴിമതി നടത്തിയെങ്കില്‍ പണമെവിടെയെന്ന് കെജരിവാള്‍ കോടതിയില്‍

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ നൂറ് കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ പണമെവിടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കോടതിയില്‍. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും അദേഹം കോടതിയില്‍ പറഞ്ഞു.

എല്ലാ അനുമതിയും നേടിയാണ് മദ്യനയം നടപ്പാക്കിയത്. ഒരു കോടതിയും തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സിബിഐ 31,000 പേജുള്ള കുറ്റപത്രവും ഇഡി 25,000 പേജുകളുള്ളതും സമര്‍പ്പിച്ചു. ഇവ രണ്ടും ഒന്നിച്ചുവായിച്ചാലും എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും കെജരിവാള്‍ പറഞ്ഞു. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കെജരിവാളിന് സ്വയം വാദിക്കാനായിരുന്നെങ്കില്‍ അഭിഭാഷകന്‍ എന്തിനാണെന്ന് ഇ.ഡി ചോദിച്ചു. മുഖ്യമന്ത്രി ആയതിനാലല്ല, അഴിമതിക്കേസിലാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെന്ന പ്രിവിലേജ് അരവിന്ദ് കെജരിവാള്‍ കോടതിയില്‍ പോലും ഉപയോഗിക്കുകയാണ്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. പ്രത്യേകം ആനുകൂല്യം നല്‍കരുതെന്നും കെജരിവാളിനെതിരെ തെളിവുണ്ടെന്നും ഇ.ഡി ആരോപിച്ചു. കെജരിവാളിനെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

അതിനിടെ കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി സ്വദേശി സുര്‍ജിത് സിങ് യാദവിന്റെ ഹര്‍ജി തള്ളിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.