വത്തിക്കാൻ സിറ്റി: യുദ്ധത്തിന് ഇരകളായവരെയും സ്ത്രീകളെയും അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ കുരിശിന്റെ വഴി വിചിന്തനം. മാർപാപ്പയായി അധികാരമേറ്റെടുത്ത് 11 വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് പാപ്പ കുരിശിന്റെ വഴിക്കായി വിചിന്തനം തയ്യാറാക്കുന്നത്.
“സ്ത്രീകളുടെ മഹത്വം തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കൂ. ഈസ്റ്റർ ദിനത്തിൽ നിങ്ങളോട് വിശ്വസ്തത പുലർത്തുകയും നിങ്ങളെ ഉപേക്ഷിക്കാതിരിക്കുകയും ചെയ്തവർ ഇന്നും നിരസിക്കപ്പെടുകയും അപമാനങ്ങളും അക്രമങ്ങളും സഹിക്കുകയും ചെയ്യുന്നു” – പാപ്പ എട്ടാം സ്ഥലത്തെ ധ്യാനവിചിന്തനത്തിൽ പാപ്പ എഴുതി. പ്രാർഥിക്കുമ്പോൾ കരയുന്നതിനും കരയുമ്പോൾ പ്രാർഥിക്കാനുമുള്ള കൃപ ഞങ്ങൾക്കു തരണമേ എന്ന യാചനയോടെയാണ് പാപ്പ എട്ടാം സ്ഥലത്തെ വിചിന്തനം അവസാനിപ്പിച്ചത്. ദുഖവെള്ളിയാഴ്ച റോമൻ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിൽ 20,000ഓളം ആളുകൾ പങ്കെടുത്തു.
റോമിലെ കൊളോസിയത്തിൽ നടന്ന ദുഖവെള്ളി പ്രദക്ഷിണത്തിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ അവസാന നിമിഷം പിൻവാങ്ങിയത് ആരോഗ്യസംബന്ധമായ കാര്യങ്ങളാലാണെന്ന് വത്തിക്കാൻ. ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി മാർപാപ്പയുടെ സജീവ സാന്നിധ്യം ഉണ്ടാകേണ്ടതിനാൽ, അതിനു മുന്നോടിയായുള്ള ആരോഗ്യസംരക്ഷണാർത്ഥമാണ് വെള്ളിയാഴ്ച്ചത്തെ അസാന്നിധ്യമെന്നാണ് വത്തിക്കാന്റെ വിശദീകരണം.
അടുത്ത രണ്ട് ദിവസത്തെ മാർപാപ്പയുടെ അജണ്ടയിൽ, ശനിയാഴ്ച്ച വൈകുന്നേരം ഉയിർപ്പ് ആഘോഷം, രാത്രിയിൽ ഈസ്റ്റർ കുർബാന, ഞായറാഴ്ച്ച രാവിലെ ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള മാർപാപ്പയുടെ ആശീർവാദവും അപ്പോസ്തലിക അനുഗ്രഹ (ഉർബി എറ്റ് ഓർബി-നഗരത്തിലേക്കും ലോകത്തിലേക്കും) സന്ദേശം എന്നിവയാണ് ഉൾപ്പെടുന്നത്.