ന്യൂഡല്‍ഹി: അധിക കടമെടുപ്പിന് അനുമതി നല്‍കാതിരുന്ന കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിധിച്ചു.
വിഷയം പരിശോധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേരളത്തിന് ഇളവു നല്‍കിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തില്‍ കേന്ദ്രത്തിന്റെ വാദം
സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ കുറവു വരുത്തുമെന്ന കേന്ദ്ര വാദം സ്വീകാര്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ് കേന്ദ്രത്തിനൊപ്പമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി ഇടപെടലിലൂടെ കേരളത്തിന് 13,608 കോടി വായ്പയെടുക്കാന്‍ കഴിഞ്ഞതായി രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനത്തിനും എത്ര തുക വായ്പയെടുക്കാനാവും എന്നു നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്റെ ഹര്‍ജിയെന്ന് കോടതി പറഞ്ഞു.
293-ാം അനുഛേദം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതു സംബന്ധിച്ച് സുപ്രീം കോടതി ഇതുവരെ വ്യാഖ്യാനങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്ന് കോടതി വ്യക്തമാക്കി.