ഫ്‌ളൈറ്റ് റദ്ദാക്കലും കാലതാമസവും പതിവ്; വിസ്താരയോട് വിശദീകരണം തേടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

ഫ്‌ളൈറ്റ് റദ്ദാക്കലും കാലതാമസവും പതിവ്; വിസ്താരയോട് വിശദീകരണം തേടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ചയില്‍ 100 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ വിസ്താര എയര്‍ലൈന്‍സിനോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ഫ്‌ളൈറ്റുകളുടെ പതിവ് കാലതാമസവും റദ്ദാക്കലും സംബന്ധിച്ച പ്രതിസന്ധി എയര്‍ലൈന്‍ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

അതേസമയം പൈലറ്റുമാര്‍ ദീര്‍ഘ നേരം ജോലി ചെയ്തത് ചൂണ്ടിക്കാട്ടി സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതാണ് തടസത്തിന് കാരണമെന്ന് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സഹ ഉടമസ്ഥതതയിലാണ് വിസ്താര എയര്‍ലൈന്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിവിധ പ്രവര്‍ത്തന കാരണങ്ങളാല്‍ തങ്ങള്‍ക്ക് നിരവധി ഫ്‌ളൈറ്റ് റദ്ദാക്കലുകളും ഒഴിവാക്കാനാകാത്ത കാലതാമസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ തങ്ങളുടെ ടീമുകള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് തിങ്കളാഴ്ചത്തെ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വിസ്താര പറഞ്ഞു.

നെറ്റ്‌വര്‍ക്കിലുടനീളം മതിയായ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ ഓപ്പറേറ്റിങ് ഫ്‌ളൈറ്റുകളുടെ എണ്ണം താല്‍കാലികമായി കുറയ്ക്കാന്‍ തീരുമാനിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ ഫ്‌ളൈറ്റുകള്‍ സംയോജിപ്പിക്കുന്നതിനോ സാധ്യമാകുന്നിടത്തെല്ലാം കൂടുതല്‍ ഉപയോക്താക്കളെ ഉള്‍ക്കൊള്ളുന്നതിനോ തങ്ങള്‍ ബി 7879 ഡ്രീംലൈനര്‍, എ 321 നിയോ എന്നിവ പോലുള്ള വലിയ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കാലതാമസമോ റദ്ദാക്കലോ ബാധിച്ച ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഇതര ഫ്‌ളൈറ്റ് ഓപ്ഷനുകളോ റീ ഫണ്ടുകളോ വാഗ്ദാനം ചെയ്യുന്നു. ഈ തടസങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വലിയ അസ്വാസ്ഥ്യമുണ്ടാക്കിയെന്ന് തങ്ങള്‍ മനസിലാക്കുന്നു. അതിനാല്‍ അവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. തങ്ങള്‍ വളരെ വേഗം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.