ആറ് മാസം അന്വേഷിച്ചിട്ടും ഇ.ഡിക്ക് തെളിവ് കണ്ടെത്താനായില്ല; ഡല്‍ഹി മദ്യനയക്കേസില്‍ എഎപി എംപി സഞ്ജയ് സിങിന് ജാമ്യം

ആറ് മാസം അന്വേഷിച്ചിട്ടും ഇ.ഡിക്ക് തെളിവ് കണ്ടെത്താനായില്ല; ഡല്‍ഹി മദ്യനയക്കേസില്‍ എഎപി എംപി സഞ്ജയ് സിങിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണ കോടതി തീരുമാനിക്കും. കേസില്‍ അഞ്ച് മാസത്തിന് ശേഷം സഞ്ജയ് സിങിന് ജാമ്യം ലഭിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇ.ഡി സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസം അന്വേഷിച്ചിട്ടും സഞ്ജയ് സിങിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇ.ഡിക്ക് ആയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.

അഴിമതിക്കേസിലെ പണം കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു. 2023 ഒക്ടോബര്‍ നാലിന് ഡല്‍ഹിയിലെ അദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ഇ.ഡി സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്.

വ്യവസായി ദിനേശ് അറോറയുടെ കൈയില്‍ നിന്ന് രണ്ട് തവണയായി രണ്ട് കോടി കൈക്കൂലിവാങ്ങിയെന്ന അദേഹത്തിന്റെ ജീവനക്കാരന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സിങിനെതിരെ തങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നായിരുന്നു ഇ.ഡിയുടെ അവകാശ വാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.