ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ശരീര ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മര്‍ലീന.
'കടുത്ത പ്രമേഹ രോഗിയാണ് കെജരിവാള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും രാപ്പകലില്ലാതെ അദേഹം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. അറസ്റ്റിന് ശേഷം 4.5 കിലോ കുറഞ്ഞു. ഇത് ആശങ്കാജനകമാണ്. ബിജെപി അദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കുകയാണ്. അരവിന്ദ് കെജരിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മാത്രമല്ല. ദൈവം പോലും അവരോട് ക്ഷമിക്കില്ല' - അതിഷി എക്‌സില്‍ കുറിച്ചു.
എന്നാല്‍ ജയിലില്‍ എത്തിയപ്പോള്‍ കെജരിവാളിന് 55 കിലോ തൂക്കം ഉണ്ടായിരുന്നുവെന്നും അതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. അദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ ആണെന്നും സുഖമായിരിക്കുന്നുവെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
'തിഹാര്‍ രണ്ടാം നമ്പര്‍ ജയിലിലെ മൂന്നാം വാര്‍ഡില്‍ യു.ടി (അണ്ടര്‍ ട്രയല്‍) നമ്പര്‍ 670'. ഇതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇപ്പോഴത്തെ മേല്‍വിലാസം. ഈ മാസം 15 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വൈകുന്നേരം അദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.
ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് രണ്ട് സുരക്ഷാ ജീവനക്കാര്‍ എപ്പോഴും കാവലുണ്ട്. സി.സി ടി.വി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണത്തിലുമാണ്. അദേഹത്തിന് രാത്രിയില്‍ ഉറക്കം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.