'ഭീകര വാദികളെ പാക് മണ്ണില്‍ കടന്ന് വധിക്കും': രാജ്നാഥ് സിങിന്റെ പ്രസ്താവനയ്‌ക്കെതിരേ പാകിസ്ഥാന്‍

'ഭീകര വാദികളെ പാക് മണ്ണില്‍ കടന്ന് വധിക്കും': രാജ്നാഥ് സിങിന്റെ പ്രസ്താവനയ്‌ക്കെതിരേ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകര്‍ത്ത ശേഷം പാകിസ്ഥാനിലേക്ക് കടക്കുന്ന ഭീകര വാദികളെ അതിര്‍ത്തി കടന്നു ചെന്ന് കൊലപ്പെടുത്തുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവനയ്ക്കെതിരേ പാകിസ്ഥാന്‍. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

2019 ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനില്‍ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാര്‍ഡിയന്‍' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്നാഥ് സിങിന്റെ മറുപടി. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.

പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താല്‍പര്യ പ്രകാരം ഭീകര വാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ സംഗതിയാണ്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമ വിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നും പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

അയല്‍ രാജ്യത്ത് നിന്നുള്ള ഭീകര വാദികള്‍ ഇന്ത്യയിലെ സമാധാനത്തിന് ഉലച്ചിലുണ്ടാക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ തക്ക മറുപടി നല്‍കുമെന്നും അവര്‍ പാകിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടാല്‍ ഞങ്ങള്‍ പാകിസ്ഥാനില്‍ കടന്ന് അവരെ വധിക്കുമെന്നുമായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്.

അതേസമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനെതിരേ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് തെറ്റാണെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണമാണെന്നുമായിരുന്നു മന്ത്രാലയം വ്യക്തമാക്കിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.