ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ തുടരും. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും നയ രൂപികരണത്തില്‍ കെജരിവാള്‍ ഇടപെട്ടതായും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകള്‍ ഇ.ഡി ശേഖരിച്ചതായും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാവില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്തെന്ന വാദം നിലനില്‍ക്കില്ല.
കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഇ.ഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതും കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു
ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നുമായിരുന്നു കെജരിവാളിന്റെ ആരോപണം. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമായിരുന്നു ഇഡിയുടെ വാദം.
മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയതത്. ഏപ്രില്‍ 15 വരെ അദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്.