ന്യൂഡല്‍ഹി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ സൂപ്രീം കോടതിയില്‍ ആന്റണി രാജു എംഎല്‍എക്കെതിരെ നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയ സമീപിച്ചത്. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെ തള്ളി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ആന്റണി രാജു എംഎല്‍എയുടെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ കേസ് ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി. കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആരോപണങ്ങള്‍ ഗുരുതരമാണെന്നും കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.