ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത തര്‍ക്കം സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജിയില്‍ കലാശിച്ചു. അരവിന്ദ് കെജരിവാള്‍ ജയിലില്‍ ആയതിന് പിന്നാലെയുണ്ടായ മന്ത്രിയുടെ രാജി പാര്‍ട്ടിക്ക് തിരിച്ചടിയായി.
ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ച രാജ് കുമാര്‍ പാര്‍ട്ടി അംഗത്വവും രാജി വച്ചു. മദ്യനയക്കേസില്‍ രാജ് കുമാര്‍ ആനന്ദിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ വിലക്കെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന നിലപാടുകള്‍ കാരണമാണ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇന്ന് ആ പാര്‍ട്ടി തന്നെ അഴിമതികള്‍ക്ക് നടുവിലാണ്. അതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് എസ്.സി, എസ്.ടി വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രിയായ രാജ് കുമാര്‍ ആനന്ദ് പറഞ്ഞു.